2021-08-24 By Admin
ന്യൂഡല്‍ഹി: ഡീലര്‍മാരുടെ ഡിസ്‌കൗണ്ട് പോളിസിയില്‍ ഇടപെട്ട് പണി കിട്ടി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. വിപണിയില്‍ ആരോഗ്യപരമായ മത്സരത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെ കമ്പനിക്ക് 200 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്. മാരുതിക്ക് എതിരായ ആരോപണങ്ങളില്‍ 2019 മുതലാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങിയത്.
ഡീലര്‍മാര്‍ ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ ഇടപെട്ട് അത് പരമാവധി കുറച്ച് അതുവഴി കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് തടയിട്ടു എന്നുള്ളതാണ് കമ്പനിക്കെതിരായ കുറ്റം. ഇനി ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഭാഗം ആകരുതെന്ന് കര്‍ശന നിര്‍ദേശം കമ്പനിക്ക് നല്‍കിയ സിസിഐ 60 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണം എന്നും അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കിയും ഡീലര്‍മാരും തമ്മിലുണ്ടാക്കിയ കരാറിലെ ധാരണപ്രകാരം കമ്പനി നല്‍കുന്ന ഇളവിന് പുറമേ ഡീലര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഡീലര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ സാധിക്കുന്നതാണ് രാജ്യത്തെ നിയമം. ഈ നിലയ്ക്കു നോക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വാഹനം ലഭ്യമാകുന്നത് തടയാന്‍ കമ്പനിയുടെ ഇടപെടല്‍ കാരണമായി.