2021-11-27 By Admin
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മിന്റെ അറ്റനഷ്ടം 11 ശതമാനം വര്‍ധിച്ച് 482 കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് 28ശതമാനമാണ് നഷ്ടത്തിലുണ്ടായ വര്‍ധന. അതേസമയം, വരുമാനം 64ശതമാനംകൂടി 1,090 കോടി രൂപയുമായി. വാണിജ്യം, ക്ലൗഡ് സേവനം എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനം 47ശതമാനം കൂടി 244 കോടി രൂപയുമായി.
സാമ്പത്തിക സേവന മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 69ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈയിനത്തില്‍ 843 കോടി രൂപയാണ് ലഭിച്ചത്. യുപിഐ ഒഴികെയുള്ള പണമിടപാടില്‍ 52ശതമാനം വര്‍ധനവുണ്ടായതായി കമ്പനി പറയുന്നു. ധനകാര്യമേഖലയില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്. കമ്പനിയുടെ മൊത്തംചെലവ് 32ശതമാനം വര്‍ധിച്ച് 825.7 കോടിയായി ഉയര്‍ന്നു. വാര്‍ഷിക കണക്കുപ്രകാരം മുന്‍വര്‍ഷം ഇത് 626 കോടി രൂപയായിരുന്നു. ലിസ്റ്റിങ് ദിനത്തിലുള്‍പ്പെടെയുള്ള ഇടിവിനുശേഷം കമ്പനിയുടെ ഓഹരി വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പുണ്ടായി. 1271.25 നിലവാരംവരെ താഴ്ന്ന ഓഹരി 2.5ശതമാനത്തോളം ഉയര്‍ന്ന് 1782 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.