2021-09-09 By Admin
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും പ്രശസ്തനായ യുവസംവിധായകന്‍ അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്- നയന്‍താര ചിത്രം ‘ഗോള്‍ഡ്’ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു. എന്നാല്‍, സിനിമയുടെ ഷൂട്ടിങ്ങിലേക്ക് പൃഥ്വിരാജ് എത്തിയിട്ടില്ല. സെപ്തംബര്‍ നാലാം വാരം മുതലായിരിക്കും താരം സിനിമയുടെ ഭാഗമാകുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ തിരക്കഥ ഇഷ്ടപ്പെട്ട് ഷൂട്ടിങ് സമയം നിശ്ചയിക്കാന്‍ പൃഥ്വിരാജ് സംവിധായകനോട് പറയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സിനിമയുടെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണവും ആരംഭിച്ചു.
മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മല്‍ അമീറും ‘ഗോള്‍ഡ്’ എന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമാകുന്നുണ്ട്. നെട്രിക്കണ്ണിന് ശേഷം നയന്‍താരയും അജ്മലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ‘ഗോള്‍ഡ്’ എന്ന ചിത്രം നിര്‍മിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 44 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ പാക്ക് അപ്പ് കഴിഞ്ഞത്.