2021-10-23 By Admin
ഈരാറ്റുപേട്ട : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ യാത്രക്കാരെയും വഹിച്ച് അപകടകരമായ രീതിയിൽ ബസ്സോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചുവെന്ന വകുപ്പാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വെള്ളക്കെട്ടിലൂടെ അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവർ എസ്.ജയദീപിനെ കെഎസ്ആർടിസി നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കോർപറേഷൻ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഇയാൾ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്. അതിനു മുന്നോടിയായി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.