2022-06-20 By Admin
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 18 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശി സുമി(18) യെ കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21)യാണ് ആത്മഹത്യ ചെയ്‌തത്. സുമിയും ഉണ്ണിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ഉണ്ണിയുടെ സംശയമാണ് കൊലക്കു കാരണമെന്ന് പോലീസ് സംശയിക്കുന്നു. മുൻപും സമാന പ്രശ്നങ്ങൾ കാരണം ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഞായറാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശ വാസികൾ നൽകുന്ന വിവരം. സുമിയുടെ വീട്ടിനടുത്തെത്തിയ ഉണ്ണി പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ അമ്മയും സഹോദരിയും ചേർന്ന് നടത്തിയ തെരച്ചിലിൽ അടുത്ത റബ്ബർ തോട്ടത്തിൽ സുമി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. സമീപത്ത് ഉണ്ണിയെ തൂങ്ങിയ നിലയിലും കണ്ടെത്തി. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി തൂങ്ങി മരിച്ചതാവാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തതായി പിടിവലിയുടെ ലക്ഷണങ്ങളും കണ്ടെത്തി. പാങ്ങോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.