2021-12-03 By Admin
തിരുവനന്തപുരം: ഇന്ത്യയിൽ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൃത്യമായ പരിശോധനകൾ നടത്താനും കാര്യക്ഷമമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 26 രാജ്യങ്ങളാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്.ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതായും മന്ത്രി അറിയിച്ചു. അതിതീവ്ര വ്യാപനം ഗൗരവത്തോടെ കാണേണ്ടതാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.