2021-09-24 By Admin
റിയാദ്: 2021 രണ്ടാം പാദം അവസാനിച്ച കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് മൊത്തം 5,71,333 പ്രവാസികള്‍ സൗദിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട് രാജ്യത്തെ തൊഴില്‍ വിപണി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.52 ശതമാനം കുറവാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സും, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സും(ഗോസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2020 ജൂണ്‍ അവസാനം 67,06,459 പ്രവാസികള്‍ പ്രാദേശിക തൊഴില്‍ വിപണിയിലുണ്ടായിരുന്നുവെങ്കില്‍ ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ പ്രവാസികളുടെ എണ്ണം 61,35,126 ആയി കുറഞ്ഞു. ഈ കാലയളവില്‍ പൊതു, സ്വകാര്യ മേഖലകളില്‍ പ്രവൃത്തിക്കുന്ന സൗദി, സൗദി ഇതര ഗോസി വരിക്കാരുടെ എണ്ണത്തില്‍ 5.46 ശതമാനം കുറവുണ്ടായി 4,74,382 വരിക്കാരിലെത്തിയതായും കണക്കാക്കുന്നു. 2020 രണ്ടാം പാദം അവസാനത്തില്‍ 86,74,105 വരിക്കാരുണ്ടായിരുന്നത് ഈ വര്‍ഷം രണ്ടാം പാദം അവസാനത്തില്‍ മൊത്തം ഗോസി വരിക്കാരുടെ എണ്ണം 81,99,723 ആയി.
ഗോസിയിലുള്ള സൗദി വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മൊത്തം 1,23,951 സൗദികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. ഇത് 6.4 ശതമാനം സൗദികള്‍ ജോലിയില്‍ പ്രവേശിച്ചതായ വാര്‍ഷിക വര്‍ദ്ധനവാണ് കാണിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരും ഗോസിയില്‍ വരിക്കാരായ സൗദികളുടെ എണ്ണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 2,064,597 ല്‍ എത്തി.