2021-11-22 By Admin
കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് . കൊല്‍ക്കത്തയില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടി20യില്‍ 73 റണ്ണിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്ണെടുത്തു. മറുപടി ബാറ്റിംഗില്‍ 17.2 ഓവറില്‍ 111 റണ്ണെടുത്തപ്പോഴേക്ക് ന്യൂസിലാന്‍ഡിന്റെ എല്ലാ താരങ്ങളും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ എല്ലാ കളികളിലും ഇന്ത്യ വിജയിച്ചു.
ക്യാപ്റ്റനായി രോഹിത് ശര്‍മ്മയും പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തിയതിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ സര്‍വാധിപത്യത്തോടെ വിജയം നേടാന്‍ കഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്ക് വേണ്ടി തിളങ്ങിയപ്പോള്‍ 51 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്തില്‍ മാത്രമാണ് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ദീപക് ചാഹര്‍, യുസ്‌വേന്ദ്ര ചാഹര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ (56) ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മിച്ചല്‍ സാന്റ്‌നര്‍ ന്യൂസിലാന്‍ഡിനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആര്‍ അശ്വിന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ പകരം കളിപ്പിച്ചു. ക്യാപ്റ്റന്‍ ടീം സൗത്തി ഇല്ലാതെയാണ് ന്യൂസിലാന്‍ഡ് ഇന്ന് ഇറങ്ങിയത്. സൗത്തിയുടെ അഭാവത്തില്‍ സാന്റ്‌നര്‍ സന്ദര്‍ശകരെ നയിച്ചു.