2021-11-30 By Admin
പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 2021-ലെ ബാളന്‍ ഡോര്‍ പുരസ്‌കാരം അര്‍ജന്റീന – പി.എസ്.ജി താരം ലയണല്‍ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരന്‍ ഏഴു തവണ ബാളന്‍ ഡോര്‍ സ്വന്തമാക്കുന്നത്. അര്‍ജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും, 2020-21 സീസണില്‍ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.
ബാഴ്‌സലോണ താരം അലക്‌സിയ പുതല്ലാസിനാണ് ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളന്‍ ഡോര്‍ ഫെമിന പുരസ്‌കാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോള്‍, അണ്ടര്‍ 21 താരത്തിനുള്ള കോപ ട്രോഫി സ്പെയിന്‍ താരം പെഡ്രി ഗോണ്‍സാലസ് നേടി. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് മികച്ച സ്ട്രെക്കര്‍ക്കുള്ള പുരസ്‌കാരം ലെവന്‍ഡവ്സ്‌കി സ്വന്തമാക്കി. ഓരോ വര്‍ഷത്തെയും മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രഞ്ച് മാഗസിന്‍ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ നല്‍കുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020-ല്‍ പുരസ്‌കാരം ആര്‍ക്കും നല്‍കിയിരുന്നില്ല.