2020-01-29 By Admin
ഹാമിൽട്ടൺ: അങ്ങനെ ന്യൂസിലന്റ് മണ്ണിൽ ചരിത്രം പിറന്നു. ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ട്വന്റി-ട്വന്റിയിൽ സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിൽ ന്യൂസിലാന്റ് ഉയർത്തിയ 18 റൺസിന്റെ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ വിജയത്തിലേക്ക് കടന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്യംസനാണ് കിവിപ്പടയിലെ ടോപ് സ്‌കോറർ.
കെ.എൽ രാഹുലും രോഹിത് ശർമ്മയുമായിരുന്നു ഇന്ത്യക്കായി സൂപ്പർ ഓവറിൽ ബാറ്റേന്തിയത്. വിജയമുറപ്പിക്കാൻ പത്ത് റൺസ് ആവശ്യമായിരുന്ന ഇന്ത്യയെ കരകയറ്റിയത് ഹിറ്റ്മാന്റെ സിക്സറായിരുന്നു. അഞ്ചും ആറും പന്തില്‍ രോഹിത് സിക്‌സ് അടിച്ചു. ന്യൂസിലാന്റ് നിരയിൽ നിന്ന് ടിം സൗത്തിയാണ് സൂപ്പർ ഓവറിൽ പന്തെറിഞ്ഞത്. ആദ്യ പന്തിൽ ഡബിൾ ഓടിയ രോഹിത് രണ്ടാം പന്തിൽ സിംഗിൾ ഇട്ടു. മൂന്നാം പന്തിൽ രാഹുൽ ബൗണ്ടറി നേടി. നാലാം പന്തിൽ വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ ഹിറ്റ്മാന്റെ കയ്യിൽ നിന്നും പടുകൂറ്റൻ സിക്സ്. അവസാന പന്തിൽ ജയമുറപ്പിക്കാൻ വേണ്ടത് നാലു റൺസ്. നെഞ്ചിടിപ്പ് കൂടി വന്നതിനിടയിൽ വീണ്ടും രോഹിതിൻ്റെ വക ലോംഗ് ഓഫിലൂടെ ഒരു കൂറ്റൻ സിക്സും ജയവും. ഇതോടെ ഇന്ത്യ പരമ്പര 3-5 -ന് സ്വന്തമാക്കി.
ന്യൂസിലാന്റിൽ ഇന്ത്യ ആദ്യമായാണ് ട്വന്റി-ട്വന്റി മത്സരത്തിൽ പരമ്പര നേടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങൾ ജനുവരി 31 ന് വെല്ലിംഗ്ടണിലും ഫെബ്രുവരി 2 ന് ബേ ഓവലിലുമായി നടക്കും.