2020-01-30 By Admin
ഹാമിൽട്ടൺ: ന്യൂസിലന്റിനെതിരായ ട്വന്റി-ട്വന്റി പരമ്പര അവിസ്മരണീയ വിജയത്തിലൂടെ നേടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരങ്ങൾ. എന്നാൽ രോഹിതിന്റെ സിക്സറിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയതെന്ന പരാമർശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം നായകൻ രോഹിത് ശർമ്മ.
തന്റെ സിക്സറുകളല്ല ഷമിയുടെ അവസാനത്തെ മികച്ച ഓവറാണ് കളിയുടെ ഗതിയെ മാറ്റിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം തുറന്ന് പറഞ്ഞത്.
'എന്റെ രണ്ട് സിക്സറുകളല്ല മറിച്ച് ഷമിയുടെ മികച്ച ഓവറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ന്യൂസിലാന്റ് നിരയിലെ ഏറ്റവും മികച്ച താരങ്ങളെയാണ് ഷമി പുറത്താക്കിയത്. മഞ്ഞുകൊണ്ട് മൂടപ്പെട്ട സമയത്ത് ന്യൂസിലന്റിന്റെ ഒൻപത് റണ്‍സ് പ്രതിരോധിക്കുക എളുപ്പമല്ലായിരുന്നു. വില്യംസണ്‍ 95 റണ്‍സെടുത്ത് മികച്ച ഫോമില്‍ തുടരുന്നു. മറുഭാഗത്ത് പരിചയ സമ്പത്തുള്ള റോസ് ടെയ്‌ലറും. ആ ഓവര്‍ നന്നായെറിഞ്ഞ് അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തുകയും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും മത്സരം സൂപ്പര്‍ ഓവര്‍ വരെ നീട്ടുകയും ചെയ്തത് മുഹമ്മദ് ഷമിയാണ്' -രോഹിത് പറഞ്ഞു.