2020-01-31 By Admin
വെല്ലിംഗ്ടൺ: സൂപ്പർ ഓവർ തങ്ങളുടെ സുഹൃത്തല്ലെന്ന് കെയിൻ വില്യംസൺ പറഞ്ഞത് എത്രയോ ശെരിയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-ട്വന്റി പരമ്പരയിൽ ഇന്ത്യ നാലാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പർ ഓവർ വരെ നീണ്ട മത്സരമാണ് ഇത്തവണത്തേതും. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റും ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഒപ്പത്തിനൊപ്പമെത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് കടന്നു.
രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഓപ്പണിംഗിനിറങ്ങിയ സഞ്ജു സാംസൺ എട്ട് റൺസ് എന്ന നിലയിൽ നിൽക്കെ പുറത്തായി. കോഹ്‌ലിയും(11) കാര്യമായ സംഭാവന നൽകാതെ മടങ്ങി. 36 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍ (26 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 13 റണ്‍സാണ് ന്യൂസിലാന്റ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് പന്തുകളില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് കോഹ്‌ലിയും രാഹുലുമാണ്. ന്യൂസിലന്റിനുവേണ്ടി കോളിന്‍ മന്‍റോ 64 റണ്‍സും ടിം സെയ്‌ഫറത്ത് 57 റണ്‍സും നേടി. അനായാസം ജയമുറപ്പിക്കാമായിരുന്ന കിവീസിന് അവസാന ഓവറിൽ നാല് വിക്കറ്റുകളാണ് നഷ്ടമായത്. അടുത്ത മത്സരത്തിൽ കൂടി വിജയിക്കാനായാൽ പരമ്പര 5-0 ന് നീലപ്പടക്ക് സ്വന്തമാക്കാം.