2020-02-02 By Admin
തൗരംഗ: ന്യൂസിലാന്റ് മണ്ണിൽ റെക്കോർഡിട്ട് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-ട്വന്റി പരമ്പരയിൽ അഞ്ച് വിജയങ്ങളും നേടി പരമ്പര തൂത്തുവാരിയിരിക്കുകയാണ് നീലപ്പട. അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരത്തിൽ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് ഏഴ് റൺസിന്റെ വിജയം. ഇതോടെ ട്വന്റി-ട്വന്റി പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യക്ക് സ്വന്തമായത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. ഓപ്പണറായി രാഹുലിനൊപ്പം ഇറങ്ങിയ സഞ്ജു സാംസണിന്റെ(2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രോഹിത് ശർമ്മ 41 പന്തിൽ 60 റൺസ് നേടി അർദ്ധസെഞ്ചുറി കുറിച്ചു. പിന്നാലെ പേശിവേദന കാരണം രോഹിത് മടങ്ങി.
രോഹിത്, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരുടെ മികവിലാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും സെയ്നിയും താക്കൂറും രണ്ട് വിക്കറ്റുകൾ വീതവും നേടി.
164 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അർദ്ധസെഞ്ചുറി നേടിയ റോസ് ടെയ്‌ലര്‍ക്കും(53) ടിം സെയ്‌ഫെര്‍ട്ടിനും(50) കിവീസ് സ്കോറിനെ ഉയർത്താൻ കഴിഞ്ഞില്ല. ന്യൂസിലാന്റ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ഇന്നും കളിച്ചില്ല പകരം ടീമിനെ നയിച്ചത് സൗത്തിയായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ക്രീസിലിറങ്ങിയില്ല. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടീമിനെ നയിച്ചത്.