2020-02-05 By Admin
ഹാമിൽട്ടൺ: ന്യൂസിലന്റിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 348 റൺസിന്റെ വിജയ ലക്ഷ്യം 11 പന്തുകൾ ശേഷിക്കെ ന്യൂസിലാന്റ് മറികടന്നു. സ്കോർ; ഇന്ത്യ: 347-4 , ന്യൂസിലാന്റ്: 348-6.
ട്വന്റി-ട്വന്റി പരമ്പരയിൽ ഇന്ത്യ പൂർണ്ണമായ ആധിപത്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഏകദിനത്തിൽ കിവീസിന് വിജയത്തുടക്കം. 84 പന്തില്‍ 109 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്ലറാണ് ന്യൂസിലാന്റ് നിരയിലെ താരം. കിവീസ് നിര പതറി നിന്ന ഒരു സമയത്ത് ലതാമുമായി ചേർന്ന് ടെയ്ലർ പടുത്തുയർത്തിയ ഇന്നിംഗ്സിന്റെ ബലത്തിലാണ് കിവീസ് സ്കോർ ഉയർത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 138 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാർ ആകെ24 വൈഡുകളാണ് എറിഞ്ഞത്. അതോടെ കിവീസ് വിജയം എളുപ്പമാക്കുകയായിരുന്നു.
തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും(103) അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റേയും(88) നായകൻ വിരാട് കോഹ്ലിയുടെയും(51) മികവിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ കിവീസിന് മുന്നിൽ വച്ചത്.