2020-02-06 By Admin
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രാജ്യത്താകെ പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 2020 ലെ ഒളിമ്പിക്സിനെ കൊറോണ ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് ഒളിമ്പിക്സ് സംഘാടകര്‍. എന്നാൽ ഒളിമ്പിക്സ് മാറ്റിവയ്ക്കില്ലെന്നാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
ജപ്പാൻ തലസ്ഥാനമായ ടോക്യോയാണ് ഇത്തവണത്തെ ഒളിമ്പിക്സ് വേദി. ജൂലൈ 24 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക. ഓഗസ്റ്റ് 9 വരെയാണ് ഒളിമ്പിക്സ് കാലം. അപ്പോഴേക്കും കോറോണയുടെ വ്യാപ്തി കുറഞ്ഞ് നിയന്ത്രണ വിധേയമാകും എന്ന് കരുതുന്നുവെന്ന് ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ടൊഷീറോ മുട്ടോ വ്യക്തമാക്കി. ജപ്പാനിൽ പത്ത് പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭീതി വേണ്ടെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ടോക്യോ ഗവര്‍ണര്‍ യുറീകോ കൊയികെ അറിയിച്ചു.
ലോക ഇന്‍ഡോര്‍ മീറ്റ്, ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റ് എന്നിവ കൂടാതെ പലയിടങ്ങളിലും ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും മാറ്റി വച്ചിരിക്കുകയാണ്.