2020-02-08 By Admin
ഹാമിൽട്ടൺ: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 22 റൺസിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാന്റ്. സ്കോർ- ന്യൂസിലാന്റ്: 273 -8 , ഇന്ത്യ: 251 (48.3 ഓവർ)ന് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. 197 റൺസിൽ നിൽക്കവേ ന്യൂസിലാന്റിന് എട്ട് വിക്കറ്റുകളാണ് നഷ്ടമായത്. റോസ് ടെയ്‌ലറിന്റെ മികവിലാണ് കിവീസ് 250 കടന്നത്. ആറു ഫോറും രണ്ട് സിക്‌സും സഹിതം 74 പന്തുകളിൽ നിന്നായി 73 റൺസാണ് ടെയ്‌ലർ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകൾ ഇല്ലാതായത് അതിവേഗത്തിലായിരുന്നു. മുൻ നിര താരങ്ങളെല്ലാം പുറത്തായ കളിയിൽ ജഡേജ-സെയ്‌നി കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഇരുവരും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് 76 റണ്‍സാണ് സമ്മാനിച്ചത്. 49 പന്തില്‍ 45 റണ്‍സ് എടുത്താണ് സെയ്നി സ്റ്റേഡിയം വിട്ടത്. ഒടുവിൽ ജയമുറപ്പിക്കാനായി ജഡേജ പൊരുതിയെങ്കിലും 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. ജഡേജ 55 റണ്‍സ് എടുത്താണ് പുറത്തായത്.
ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 52 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി(15), പ്രിത്വി ഷാ(24), മായങ്ക് അഗര്‍വാള്‍(3),കെ. എല്‍ രാഹുല്‍(4) കേദാര്‍ ജാദവ് (9) എന്നിവർക്ക് തിളങ്ങാനായില്ല.