2020-02-11 By Admin
അമ്മയായതിന് ശേഷം ടെന്നിസിൽ നിന്ന് താത്കാലികമായി അവധിയെടുത്ത സാനിയ മിർസ തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. തിരിച്ച് വരവ് വിജയത്തോടെയുമായിരുന്നു. ഇപ്പോൾ സാനിയ മിർസ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഗർഭകാലത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരം. 89 കിലോയിൽ നിന്ന് 63 കിലോയിലേക്കുള്ള പരിണാമചിത്രമാണ് സാനിയ ഷെയർ ചെയ്തിരിക്കുന്നത്. പ്രസവശേഷം 89 കിലോ ശരീരഭാരമുണ്ടായിരുന്ന താരം തന്റെ പ്രയത്നത്തിലൂടെ ഭാരം കുറച്ചിരിക്കുകയാണ്.
'നമുക്കെല്ലാവർക്കും ഓരോ ദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. അഭിമാനത്തോടെ അവയെല്ലാം നേടിയെടുക്കണം. എന്റെ ഒരു ലക്ഷ്യം ഞാൻ നാല് മാസത്തിനുള്ളിൽ നേടി. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷവും ഞാൻ ആരോഗ്യത്തോടെ തിരികെയെത്തുകയും വീണ്ടും ഉയർന്ന തലത്തിൽ മത്സരിക്കുകയും ചെയ്തു. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, മറ്റുള്ളവർ എന്ത് കരുതുമെന്ന് ചിന്തിക്കേണ്ടതില്ല. അവർ നിരുത്സാഹപ്പെടുത്തിയേക്കാം അതിൽ തളരരുത്. അവരിൽ എത്ര പേർ നമ്മുടെ കൂടെയുണ്ടാകുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്ക് അത് സാധിച്ചുവെങ്കിൽ എല്ലാവർക്കും അതിന് കഴിയും' -സാനിയ കുറിച്ചു.