2020-02-18 By Admin
ബെർലിൻ: രണ്ട് പതിറ്റാണ്ടിനിടയിൽ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്. കായികരംഗത്തെ മികവിന് നൽകുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ലോറിയസ് അവാർഡ്.
2011 ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടിയ സന്തോഷം പങ്കുവച്ചത് സച്ചിനെ ചുമലിലേറ്റി ഇന്ത്യൻ താരങ്ങൾ വാങ്കഡെ സ്റ്റേഡിയം വലം വച്ചാണ്. ഈ മനോഹര നിമിഷമാണ് ടെണ്ടുൽക്കറെ പുരസ്കാരത്തിനർഹനാക്കിയത്. 'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.
തനിക്ക് ലഭിച്ച പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സച്ചിൻ പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ലോറിയസ് പുരസ്‌കാരം നേടുന്നത്. ബർലിനിൽ വച്ചാണ് പുരസ്‌കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ലൂയിസ് ഹാമിള്‍ട്ടനും ലയണല്‍ മെസിയും പങ്കിട്ടു. വോട്ട് തുല്യനിലയിൽ ലഭിച്ചതിനാലാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സാണ് മികച്ച വനിത താരം.