2020-04-15 By Admin
ലോക്ക് ഡൗൺ കാലഘട്ടത്തിൽ എല്ലാവരും ഹോം ക്വാറന്റൈനിലായതിനാൽ നിരവധി താരങ്ങളാണ് ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നത്. നിരവധി ക്രിക്കറ്റ് താരങ്ങളും ഇൻസ്റ്റാഗ്രാം വഴി തങ്ങളുടെ ആരാധകരോട് സംവദിക്കുകയും ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ ശിഖർ ധവാനും ശ്രേയസ് അയ്യരും തമ്മിലുള്ള ചോദ്യോത്തര വേളകളാണ് ശ്രദ്ധേയമാകുന്നത്. ശ്രേയസിന്റെ ചോദ്യങ്ങൾക്കെല്ലാം ധവാൻ കൃത്യമായി ഉത്തരവും നൽകിയിട്ടുണ്ട്.
കരിയറിലെ മികച്ച ബാറ്റിങ് പ്രകടനം ഏതെന്ന ചോദ്യത്തിന് 2019 ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 117 റണ്‍സ് എന്നാണ് ധവാൻ മറുപടി നൽകിയത്. അന്ന് ഇന്ത്യ ജയിക്കുകയും 109 പന്തില്‍ നിന്ന് 117 റൺസുമായി ധവാൻ പുറത്താവുകയും ചെയ്തിരുന്നു.
താൻ നേരിട്ടതിൽ വച്ച് ഏറ്റവും പ്രയാസമേറിയ ബൗളർ ആരെന്ന് ചോദ്യത്തിനും ധവാൻ ഉത്തരം നൽകി. ദക്ഷിണാഫ്രിക്കൻ പേസർ ഡേല്‍ സ്‌റ്റെയ്ന്‍ ആണ് താൻ നേരിട്ടതിൽ കടുപ്പമേറിയ ബൗളർ എന്നാണ് ധവാൻ പറഞ്ഞത്. ശ്രേയസുമായുള്ള സംഭാഷണത്തിനിടെ സംഗീതത്തോടുള്ള തന്റെ ഇഷ്ടവും താരം പ്രകടിപ്പിച്ചു.