2020-04-18 By Admin
ലോകം മുഴുവൻ കൊവിഡ് ഭീതിയിലകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ അവസ്ഥ ആശ്വാസം നൽകുന്നതാണ്. കേരളം കൊവിഡിനെതിരെ സ്വീകരിച്ച കരുതലുകൾ ലോകത്തിന് തന്നെ മാതൃകയാണ്. ഇപ്പോൾ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിക്കുകയാണ് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ്.
കേരളത്തിൽ നിന്ന് ആശ്വാസ വാർത്തകൾ ആണ് വരുന്നതെന്നും കേരളത്തിലെ ഗവണ്മെന്റിന്റെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പരിശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാകൂ എന്നും ശ്രീജേഷ് പറഞ്ഞു. താൻ കേരളത്തിന് പുറത്തായതിനാൽ നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ നല്ല വാർത്തകൾ കേൾക്കുന്നതിനാൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗികളുടെ എണ്ണത്തിൽ ഇതുപോലെ മാറ്റം ഉണ്ടാകുകയാണെങ്കിൽ അധികം വൈകാതെ തന്നെ കേരളത്തിന് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാകും.