2020-04-27 By Admin
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാർ ആരാണെന്ന ചോദ്യത്തിൽ ആദ്യ സ്ഥാനമാണ് ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണിക്കുള്ളത്. ചരിത്രം കാട്ടിത്തന്നതും അത് തന്നെയാണ്. രണ്ട് ലോകകപ്പ് കിരീടങ്ങളാണ് ധോണിയുടെ നായകത്വത്തിൽ ഇന്ത്യ നേടിയത്.
ഇപ്പോൾ നായകനെന്ന നിലയിലെ ധോണിയുടെ മികവിനെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ. ഐ.പി.എല്ലിൽ ചെന്നൈക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് മോഹിത്. ധോണി മറ്റ് ക്യാപ്റ്റന്മാരെ പോലെയല്ലെന്നും അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണെന്നുമാണ് മോഹിത് പറയുന്നത്. ഇൻസ്റ്റാഗ്രാമിലെ ലൈവ് സംഭാഷണത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ധോണിയുടെ വിനയവും കൃതജ്ഞതാ ബോധവുമാണ് മറ്റ് താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. ധോണി മികച്ച ലീഡറാണ്. അദ്ദേഹം നയിക്കുന്ന മത്സരങ്ങളിൽ ടീം വിജയം നേടുകയാണെങ്കിൽ ധോണിയെ സമീപത്തെങ്ങും പിന്നെ കാണുകയില്ല. എന്നാൽ മത്സരങ്ങളിൽ ടീം പരാജയപ്പെടുന്ന അവസ്ഥയിൽ ഉത്തരവാദിത്തമേറ്റെടുത്ത് ധോണി മുന്നിൽ തന്നെയുണ്ടാകും. ഇതാണ് അദ്ദേഹത്തെ മികച്ച ലീഡറാക്കുന്നത്. ധോണിയോടുള്ള ആരാധനയുടെ കാരണവും ഇത് തന്നെയാണെന്നും മോഹിത് പറയുന്നു.