2020-07-01 By Admin
കൊളംബോ: 2011-ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഒത്തുകളി ആരോപണത്തില്‍ ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. അരവിന്ദ ഡിസില്‍വയായിരുന്നു 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ . ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈനലില്‍ ലങ്കയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഉപ്പുല്‍ തരംഗയേയാകും അടുത്തതായി ചോദ്യം ചെയ്യുകയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നുള്ള കാര്യം പുറത്തുവിട്ടത് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മാഹിന്ദാനന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.