2020-07-03 By Admin
കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം ശ്രീലങ്കൻ പോലീസ് അവസാനിപ്പിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, ലങ്കന്‍ താരം ഉപുള്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ എന്നിവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആരോപണം തെളിയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്നും ഇതുവരെ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം തലവന്‍ ജഗത് ഫൊന്‍സേക മാധ്യമങ്ങളോട് പറഞ്ഞു. കളിക്കാരെ ഇനിയും ചോദ്യം ചെയ്യേണ്ടതില്ലെന്നും ടീം അംഗങ്ങളെ മുഴുവനും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക എന്നത് അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.