2020-07-18 By Admin
മാഡ്രിഡ് : സ്പാനിഷ് ലീഗ് ലാലിഗാ ഫുട്ബാൾ കിരീടം റയൽ മാഡ്രിഡിന്. ഒരു മത്സരം ശേഷിക്കെയാണ് റയൽ ചാമ്പ്യന്മാരായത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിയ്യാ റയലിനെ 2-1 നു പരാജയപ്പെടുത്തിയതോടെയാണ് റയൽ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഹോം മത്സരത്തിൽ 2 -1 നു ഒസാസുനയോടു പരാജയപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ നാല് പോയിന്റ് ലീഡ് ഉണ്ടായിരുന്ന റയലിന് വിയ്യാ റയലിനെതിരെ ജയിച്ചാൽ കിരീടം സ്വന്തമാക്കാമായിരുന്നു. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലിന് 86 ഉം ബാഴ്‌സയ്ക്ക് 79 ഉം പോയിന്റ് ആണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 69 പോയിന്റ് ഉണ്ട്. റയലിന്റെ 34 ആം കിരീട നേട്ടമാണിത്. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതും റയലാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് 26 കിരീടങ്ങളാണുള്ളത്. സിനഡിൻ സിദാനെ പരിശീലക സ്ഥാനത്തേക്ക് തിരികെ കൊണ്ട് വന്നത് റയലിന് നേട്ടമായി.