2021-05-23 By Admin
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ അറസ്റ്റില്‍. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയിരുന്നത്. സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്.
മേയ് നാലിനാണ് 23 വയസ്സുകാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുശീല്‍ കുമാറും കൂട്ടാളികളും മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഡല്‍ഹി കോടതി സുശീല്‍ കുമാറിനും കൂട്ടാളികളായ മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു