2021-05-24 By Admin
വല്ലാഡോളിഡ്: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലാ ലിഗ കിരീടം സ്വന്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ്. ലൂയി സുവാരസിന്റെ മനോഹരമായ ഗോളിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടം ചൂടിയത്. ഈ സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെ തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സ്പാനിഷ് കിരീടം സ്വന്തമാക്കുന്നത്.
പിന്നില്‍ നിന്ന് വിജയത്തിലേക്ക് പൊരുതിക്കയറുകയായിരുന്നു ടീം. അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച സുവാരസിന്റെ ഗോള്‍ അറുപത്തിയേഴാം മിനിറ്റിലാണ് പിറന്നത്. ഇത് പതിനൊന്നാം തവണയാണ് അത്‌ലറ്റിക്കോ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. 2014 ലാണ് അവസാനമായി കിരീടം നേടിയത്. പതിനെട്ടാം മിനിറ്റില്‍ റയല്‍ വല്ലാഡോളിനു വേണ്ടി ഒസ്‌കര്‍ പ്ലാനോ ലീഡ് നേടി മുന്നോട്ട് കുതിച്ചപ്പോള്‍, രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ പോരാട്ടം മുറുക്കി. അമ്പത്തിയേഴാം മിനിറ്റില്‍ ഗോള്‍ നേടി വല്ലാഡോളിഡിനൊപ്പം എത്തി. കൊറിയയാണ് സ്‌കോര്‍ ചെയ്തത്.