2021-12-04 By Admin
പഞ്ചാബ്: ബോളിവുഡ് നടി കങ്കണ റണാവത്തിനെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകരെ ഖാലിസ്ഥാന്‍ തീവ്രവാദികളെന്നും സാമൂഹിക വിരുദ്ധരെന്നും കങ്കണ വിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചാബിലെ കിര്‍ത്താപൂര്‍ സാഹിബില്‍ കങ്കണയെ കര്‍ഷകര്‍ തടഞ്ഞത്. വെള്ളിയാഴ്ച പ്രദേശത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കങ്കണയുടെ കാര്‍ കൊടികളേന്തി മുദ്രാവാക്യവുമായെത്തിയ കര്‍ഷകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് അവിടെ തടിച്ചു കൂടിയ ജനക്കൂട്ടം തന്നെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കങ്കണ ഇന്‍സ്ഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. ”ഇതാണ് ആള്‍ക്കൂട്ട ആക്രമണം. എന്റെ കൂടെ സംരക്ഷകരില്ലെങ്കില്‍ ഞാനെന്ത് ചെയ്യുമായിരുന്നു. ഈ സാഹചര്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരിയാണോ?. എന്തുതരം പെരുമാറ്റമാണിത്” കങ്കണ പറഞ്ഞു. വനിത കര്‍ഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു.