2020-02-17 By Admin
കൊച്ചി: കേരളത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായത് കേരള ടൂറിസമാണ്. 500 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഈ മാസത്തിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുമായി നടക്കേണ്ടിയിരുന്ന പല ദേശീയ രാജ്യാന്തര സമ്മേളനങ്ങളും റദ്ദായി.
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവിടങ്ങളിലെ കൊറോണഭിതി കാരണം യാത്ര റദ്ദാക്കേണ്ടിവരുന്നെങ്കിലും വിമാനക്കമ്പനികളോ ടൂര്‍ ഓപ്പറേറ്റര്‍മാരോ പണം മടക്കി നല്‍കാത്തതിനാല്‍ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുന്നതായും വ്യാപക പരാതിയുണ്ട്. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര കണ്വന്ഷന് സെന്ററില്ല പഞ്ച നക്ഷത്ര ഹോട്ടലിലെ ബുക്കിങ്ങുകളെല്ലാം റദ്ദായത് കൂട്ടിയാൽ പത്ത് കോടിയുടെ നഷ്ടമാണുണ്ടായത്.
മറ്റൊരു ഹോട്ടലില്‍ എല്ലാ മുറികളുമുൾപ്പെടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനി വിദേശികളുള്‍പ്പടെ 200 പേരുടെ 5 ദിവസം നീളുന്ന സമ്മേളനം നടത്തുന്നതിനിടയിലാണ് ദുരന്ത പ്രഖ്യാപനം വന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തിന് ശേഷം അവരെല്ലാം മുറികൾ ഒഴിഞ്ഞു പോവുകയായിരുന്നു. ബിസിനസ്സിന്റെ നാല്പത് ശതമാനത്തോളം നഷ്ടപ്പെട്ടെന്നാണ് വിവരം.
മൂന്നാറിൽ വൈറസിന്റെ ആഘാതവും ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഹോട്ടലുകളിൽ നിന്ന് മുറിയൊഴിഞ്ഞ് പോയത്. കോവളത്തെ ചില ഹോട്ടലുകൾക്ക് മാത്രം 40 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ സംസ്ഥാനം വിടുന്നതോടെ പഴയനിലയിൽ തിരിച്ചെത്താനാകുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.