2020-03-13 By Admin
കേരളത്തെ കുളിരണിയിക്കുന്നതിൽ ഇടുക്കിയോളം പോന്ന മറ്റൊരു ഇടമില്ല എന്ന വചനം തെറ്റാനിടയില്ല. അത്രമേൽ സുന്ദരമാണ് ഇവിടം. ഇവിടുത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ഇടുക്കി ഡാമിന്റെ ആരംഭമായ അഞ്ചുരുളി ടണലിനെ പറ്റി കേൾക്കാത്തവർ കുറവായിരിക്കും.
ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന കാര്‍ഷിക കുടിയേറ്റ ആദിവാസി ഗോത്ര വിഭാഗങ്ങളുൾപ്പെടുന്ന കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. ഇരട്ടയാർ ഡാമിൽ നിന്നും ജലം എത്തിക്കാനായി ആറു വർഷത്തെ പ്രവർത്തങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് അഞ്ചുരുളി ടണൽ.
കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.
ഇത് ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. അതിമനോഹരമായ ഷൂട്ടിംഗ് ലൊക്കേഷൻ, പച്ച പുൽമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളുടെയും നിറസാന്നിധ്യം, തണുപ്പ്, ആരെയും ആകർഷിക്കുന്ന വന്യത ഇതെല്ലം ചേർന്നതാണ് അഞ്ചുരുളി. 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾക്ക് വേദിയായ ഇടം കൂടിയാണിത്.
വേനൽക്കാലമാണ് ഇവിടെ സന്ദർശനം നടത്താൻ അനുയോജ്യമായ സമയം. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി പോകുകയാണെങ്കിൽ 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്.