2020-03-16 By Admin
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് താത്കാലികമായി വിലക്കേർപ്പെടുത്തി ആൻഡമാൻ - നിക്കോബാർ. ദ്വീപിലെ ബോട്ട് ജെട്ടികൾ, ബീച്ചുകൾ, ഇക്കോ ടൂറിസം വേദികൾ എന്നിവ അടച്ചിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാർച്ച് 26 വരെയാണ് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആദിവാസി ഗോത്രങ്ങളുമായുള്ള സമ്പർക്കവും നിയന്ത്രിക്കും.
എന്നാൽ ദ്വീപുകാർക്ക് മാത്രമായി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ തമ്മിൽ അടുത്തു പെരുമാറുന്നത് ഒഴിവാക്കാൻ വേണ്ട സൗകര്യങ്ങളും നിർദേശങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ യാത്രകൾക്ക് ശേഷവും ബോട്ടുകളും വാഹനങ്ങളും വൃത്തിയാക്കാനും നിർദ്ദേശമുണ്ട്.
ഇവിടുത്തെ ടൂറിസം മേഖലക്ക് വൈറസ് വെല്ലുവിളി ഉയർത്തുന്നുണ്ട്. പോയവർഷത്തേക്കാൾ വരുമാനം ഇത്തവണ കുറയാനാണ് സാധ്യത എന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ഇതുവരെ ഇവിടെ കൊറോണ റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.