2020-04-15 By Admin
ലോകരാജ്യങ്ങളെല്ലാം തന്നെ കൊറോണ ഭീതിയിൽ ഓരോ ദിവസവും കഴിച്ച് കൂട്ടുകയാണ്. ദിനംപ്രതി രോഗത്തോട് മല്ലടിച്ച് അതിജീവനത്തിനായി പോരാടുന്നു. എന്നാൽ ഒരു രാജ്യത്തെ മാത്രം ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ല. ആ രാജ്യമാണ് ഗ്രീൻലാൻഡ്. ഇവിടുത്തെ ജനജീവിതത്തിൽ നിന്ന് രോഗവും രോഗഭീതിയും വിട്ടൊഴിഞ്ഞിരിക്കുകയാണ്.
നേരത്തെ പതിനൊന്ന് പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവരെല്ലാം രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ സ്വയം ക്വാറന്റൈനിലായി. അതിനാൽ വളരെ പെട്ടെന്ന് തന്നെ ഇവർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ ഗ്രീൻലാൻഡിൽ ഒരു പോസിറ്റീവ് കേസ് പോലും ഇല്ല. തലസ്ഥാന നഗരിയായ നൂക്കിലായിരുന്നു രോഗബാധിതർ മുഴുവനും. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നൂക്ക് അടച്ചിടുകയും ചെയ്തു.
രോഗമുക്തി നേടിയ രാജ്യമായി ഗ്രീൻലാൻഡ് മാറിയെങ്കിലും യാത്രകൾക്ക് ഇവിടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബോട്ടുകൾക്കും മഞ്ഞിൽ സഞ്ചാരത്തിനുപയോഗിക്കുന്ന വാഹനങ്ങൾക്കും വിലക്ക് ബാധകമാണ്. അതോടൊപ്പം അധികൃതരുടെ അനുമതിയില്ലാതെ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനും ഇവിടേക്ക് വരുന്നതിനും വിലക്കുണ്ട്.